08 May 2009

അറിയാതെ

അറിയാതെ അറിയാതെ ആസ്തികനായ ഞാന്‍‌ നാസ്തികനായി പരിണമിക്കുന്നുവോ?
നിശ്ചലയായ എന്‍ വിഗ്രഹദേവിയോ ചഞ്ചലയായ നിന്‍‌സന്നദ്ധരൂപമോ
ഏതിനെ പൂജിക്കണമെന്നറിയാതെ ദ്വിവിധാവിവശനായ്‌ മുദ്രാവിഹീനനായ്
അകകോവില്‍‌നടയില്‍‌ കരിന്തിരികത്തുന്ന ബലിപീഠമൊന്നില്‍‌ തരിച്ചിരുന്നു
ഷഡകര്‍മ്മങ്ങളിലെന്റെ ശ്രദ്ധ കുറഞ്ഞതും ന്യാസജപങ്ങളിടറിയൊഴിഞ്ഞതും
ദര്‍ഭകുളത്തില്‍ജപിക്കേണ്ടഗായത്രി നിന്‍‌നാമ ജല്‍പനരൂപത്തിലായതും
പൂര്‍വ്വകര്‍മ്മങ്ങളെ പശ്ചാത്കര്‍മങ്ങളായ് പൂജാവിധികളിന്‍‌ഭേദം അവജ്ഞയായ്
മോഹിനിയായി നീ യോഗീഹൃദയത്തില്‍‌‌ തീരാത്തവാഞ്ഛയുണര്‍ത്താന്‍‌സമര്‍‌ത്ഥയോ?

ദൂരെ എവിടെയോ നിന്നെ തഴുകിയാ കാറ്റുവരുന്നു മുടക്കാന്‍ ‌ജപക്രിയ്യ
കൂട്ടിവരുന്നുനിന്‍‌ മാസ്മരഗന്ധമെന്നാത്മബലം ശോഷതോയസമാനമായ്
ക്ഷാത്രേയതേജസ്സ്നിറഞ്ഞനിന്‍‌ഗാത്രങ്ങള്‍‌ മാത്രംസ്മരിച്ചു തനിച്ചിരിക്കുന്നുഞാന്‍‌
കാവ്യാന്തരീക്ഷംജ്വലിപ്പിക്കുമുജ്ജ്വലകാന്തയായ് മന്ത്രധ്വനിയില്‍‌പ്രണവമായ്
ബീജാക്ഷരങ്ങളില്‍‌ ക്ലീംകാരനാദമായ് ഹരിചന്ദനത്തിന്റെ കുളിരെഴുംസ്പര്‍ശമായ്
ഹവനത്തിലാളുന്നൊരഗ്നിയായ് ത്രൈലോക്യസൌരഭ്യഭാവമായ് ധൂപചുരുളയായ്
നാസരന്ത്രങ്ങളില്‍‌ ഹൃദ്യസുഗന്ധമായ് ഗൂഢമന്ത്രാങ്കിത മാന്ത്രികഗ്രന്ഥമായ്
കര്‍‌പ്പൂരദീപത്തിലേറും പ്രകാശമായ് വീരാളിപ്പട്ടിന്റെ ചെഞ്ചോരചന്തമായ്

വശ്യമനോഹര നെയ്ത്തിരിനാളമായ് ഗുരുതിയില്‍‌നിറയുന്ന കനകാദിവര്‍ണ്ണമായ്
നിറയുന്നു നീയെന്റെസിരകളില്‍‌ കൈവല്യമടയാനെനിക്കൊരു ശാക്തേയമാര്‍ഗ്ഗമായ്
ഈശാനകോണിലെ ദീപം നൈരിത്രമായ് സങ്കല്പപൂജ നിന്‍‌‌സങ്കല്പസ്വപ്നമായ്
ധ്യാനവും മന്ത്രവും പൂജാവിധികളും ശ്രീബലിതര്‍പ്പണം നിത്ത്യ നിവേദ്യവും
നീരാജനത്തിന്റെ രത്നപ്രഭാപൂരമേകുന്ന ചിത്രവുമെത്രവിചിത്രമായ്
മാറുന്നു നിന്റെയാമോഹനരൂപത്തിലാളുന്നുവെത്ര ശമീഗര്‍ഭജല്പനം
ഋഷിശ്ഛന്ദദേവതാന്യാസം മറന്നുള്ള ശതധാരമന്ത്രജപത്തിന്റെ മാറ്റുകള്‍‌
ചമതയെരിഞ്ഞടങ്ങുന്നപോല്‍‌ നിര്‍മാല്ല്യകലശത്തിലേറ്റുപ്രതിധ്വനിക്കുന്നുവോ?

അംഗകരന്ന്യാസതന്ത്രവിധികള്‍‌നിന്‍‌ ചഞ്ചലമൃദുലകരങ്ങളില്‍‌കണ്ടു ഞാന്‍‌
പാദങ്ങള്‍‌പത്മങ്ങള്‍‌ഷോടകദശളങ്ങള്‍‌ ഭൂപുരംനിന്റെയാചക്ഷസുകള്‍‌
മായാമാളവഗൌളയിലൊഴുകിഞാന്‍ ആദിയായ് ത്രിപുടമായ് മിശ്രചാപാദിയായ്
വിപ്രത്ത്വമെന്നില്‍‌തളച്ചവികാരങ്ങള്‍‌ വിപ്ലവരൂപമായ് ക്ഷത്രിയ ഭാവമായ്
മാസ്മരതാപപ്രഭാവലയത്തിലേക്കോടിയാത്മാഹുതിചെയ്യും മൂഢശലഭമായ്
ഭൂസുരനെന്നയെന്‍‌ഭാവംത്യജിച്ചെന്റെ യജ്ഞോപവീതവിലക്കുലംഘിച്ചുഞാന്‍‌
നിന്‍‌മുന്നില്‍‌മാലയായ് സിന്ധൂരതിലകമായ് വന്നുനില്‍ക്കുന്നെ‌ന്നെസ്വീകരിക്ക
സോപാനസംഗീതനാദമായ് സാന്ത്വനമേകുകയെന്നെയനുഗ്രഹിക്ക.

27 April 2009

അമ്മയോട്

അരികില്‍‌ ഞാന്‍‌നില്‍ക്കുന്നു മൂകനായി കാറ്റിലുലയുന്നദീപത്തിന്‍‌സ്പന്ദമായി
അകിടില്‍‌നിന്നുതിരുന്ന സ്നേഹധാരാ സ്മരണയില്‍‌നമ്രശിരസ്കനായി
ഒരുവാക്കു നീ ഉരിയാടിയെങ്കില്‍ അരുമയോടെന്നെപുണര്‍ന്നുവെങ്കില്‍‌
നിറമെഴും കുഞ്ഞികഥപറഞ്ഞ് പുറമേനി തഴുകി ഉറക്കിയെങ്കില്‍‌‌

ഒരുമേഘഹര്‍ഷമായ് വരുക വീണ്ടും മരുഭൂവിലെന്നെ നനച്ചിടാനായ്
കുളിര്‍‌നിലാവെണ്മയായ് പെയ്തിറങ്ങൂ മനസ്സിന്റെ കൂരിരുള്‍ താഴ്വരയില്‍
ഒരു നിറക്കൂട്ടായലങ്കരിക്ക കറപുരണ്ടുള്ളയെന്‍ മാനസത്തെ
അറിവിന്റെസ്നേഹത്തിനാടയാലെ മറയട്ടെ നഗ്നശരീരമെന്റെ

നിഗളത്തിന്‍‌ കാലുഷദംശമേറ്റ് നിറമറ്റമലരായി ഞാന്‍‌ വരുമ്പോള്‍
മിഴിതൂകുംസ്നേഹപകിട്ടാല്‍നല്‍ക മഴവില്ലിന്‍‌ചാരുതവര്‍ണ്ണശോഭ
നെറികേടിന്‍‌ലോകത്തിലേറ്റപാടിന്‍‌ മറമാറി പരിശുദ്ധനായിടുവാന്‍‌
ഒഴുകുന്ന സ്നേഹാശ്രുധാരയില്‍ നീ‌ കഴുകുകയെന്നെ കുലീനനാക്ക

അകിടിലെയമ്മിഞ്ഞപാലിലുള്ള നറുമണം സൌരഭ്യതിലകമായി
അടിയനണിയാന്‍‌കൊടുക്കുകമ്മേ അറിവില്ലാചെയ്തിപൊറുക്കുകമ്മേ
കരുണയോടെന്നെതലോടുകമ്മേ കരളിന്റെ നൊമ്പരം മാറ്റുകമ്മേ
മൃദുവചനാമൃതലേപനത്താല്‍‌ മുറിവുകളെല്ലാമുണക്കുകമ്മേ

ഇനിയൊരുശിശുവായി ശൈശവത്തിന്‍‌ മധുരാത്മബന്ധത്തിന്‍‌ കണ്ണിയായി
കരയുന്നുഞാനിന്നുമേകനായി തിരയുന്നു നിന്റെ തൃപാദപത്മം
തലയില്‍ ‌നീ കൈവിരല്‍‌കൊണ്ടെഴുതും കവിതയായ് തേന്‍‌മൊഴി വര്‍‌ഷമായി
അണയുവാന്‍‌വെമ്പുന്നു സ്നേഹമയീ അകതാരിലെന്നെ അണച്ചിടുക.

22 April 2009

നിളയെപ്രണയിച്ച പാട്ടുകാരന്‍‌ An Earth day tribute

നിള നിറഞ്ഞൊഴുകുന്നു മാനത്തെതുള്ളികള്‍‌ നദീഹൃദയത്തിലിക്കിളികൂട്ടവെ
നിള നൃത്തമാടുന്നു ഉന്മത്തചിത്തയായ് ചെമ്മണ്ണിന്‍‌ഗന്ധം കലര്‍ന്ന കവിതയായ്
നിള ഹര്‍ഷവതിയായി തഴുകിതരുക്കളെ ഒഴുകി മൃദുലയായ് സൗഹൃദയായ്
നിള പ്രേമവിവശയായ്‌ കരയെ പുണരുന്നു നിളവീണ്ടുമൊഴുകുന്നു കടലിലേക്ക്

പുഴവക്കിലീറന്‍‌തുണിയുമായ് മണ്ണിന്റെ മകനായി ഏകനായ്‌ ഞാനിരിക്കെ
രാവിന്റെശ്വാസത്തിലാരോപറഞ്ഞു നീ പോകുക പൈതലേ അന്തിയായി
നിറയുന്നകണ്ണുമായ് ഞാനുരിയാടിയാ അറിയാത്തശബ്ദത്തോടീവിധേന
അറിയുക കഴിയില്ല വേര്‍പെട്ടിരിക്കുവാന്‍‌ ഇവളെന്റെ കാമുകി ജീവശ്വാസം

നിളയെന്റെ മാനസി പ്രേയസി ജീവനില്‍‌ എളുതല്ലിവളില്ലാതൊരുനിമിഷം
രാവിന്റെകാമുകന്‍‌ രാപാടി പാടുന്നു ഏകാന്തമായൊരു ശോകഗീതം
അതുപോലെ തകരുന്ന ഹൃദയത്തിന്‍‌തന്ത്രിയിലറിയാതെമീട്ടിഞാനീവിധേന
ഒരുമാത്രനില്‍ക്കനീ ഒരുനോക്കുകാണട്ടെ ഒരുവാക്കുഞാനുരിയാടിടട്ടെ

നിളയതുകേള്‍ക്കാതെ പ്രേമപരാങ്മുഖഭാവയായ് തുടരുന്നു ജൈത്രയാത്ര
ഇനിയെത്രരാവുകള്‍‌ കലഹിച്ചുനില്‍ക്കുവാന്‍‌ ഇതിനെത്രബാഷ്പാഞ്ജലിയൊഴുക്കാന്‍‌
ബലരാമന്‍‌ കാളിന്ദി നദിയോടുചെയ്തപോലെളുതല്ല നിളയോടെനിക്കുചെയ്‌വാന്‍‌
നിളയെന്റെഹൃദയത്തില്‍‌ പാദത്തിലല്ലവള്‍‌ കരളിന്റെകരളാണെനിക്കീ പുഴ

പവനന്‍‌നിശബ്ദനായ് പരിതാപഗര്‍ഭനായ് അകലുന്നു ദൂരെ അദൃശ്യദിക്കില്‍‌
ഒരുപ്രേമധാരാബാഷ്പാഞ്ചലിപോലെ മഴയും പിരിഞ്ഞു, ഞാനേകനായി
വിശപ്പിന്‍‌വെറിചൂടിലര്‍ദ്ധമയക്കത്തിലൊരുസ്വപ്നം കണ്ടുഞാനീവിധേന
അകതാരിലതല്ലും സ്നേഹക്കടലിലേക്കടിവച്ചടുക്കുന്നുവെന്റെനിള

ഉടനെന്നെയാരോഉണര്‍ത്തി കുളിരെഴും‌ മഴവെള്ളശീതളസ്പര്‍ശമായി
നിളതന്നെ മറ്റാരുമല്ലയുറക്കത്തിനറുതിവരുത്തിവിളിച്ചതെന്നെ
നിളയെന്നെതൊട്ടുപറഞ്ഞു ഹരീ ഇതാ പിരിയുകയായിനാം നിത്ത്യമായി
ഇനിയെന്നില്‍‌ജലമില്ല സിരകളില്‍‌സ്പന്ദിക്കാന്‍‌ മലിനയായ്‌വറ്റിപിരിയുന്നുഞാന്‍‌

അതുകേള്‍‌ക്കാന്‍‌കഴിയാതെ ബോധരഹിതനായ് മിഴികളില്‍‌ കണ്ണീര്‍പുഴയൊഴുകി
നിളയുടെയാരവം കര്‍ണ്ണപുടങ്ങളില്‍‌ പതിയുന്നതില്ല മിഴിതുറക്കെ
നിളയില്ല ജലമില്ല പാഷാണഖണ്ഡങ്ങള്‍‌‌ പരിഹസിക്കുന്നെന്റെനേരെനോക്കി
എവിടെന്റെ പ്രേയസി മാനസി ജീവനില്‍‌ അവളെപിരിഞ്ഞെനിക്കൊന്നുമില്ല

നിളയില്‍‌ നിമജ്ജ ഹൃദയവുമായിഞാന്‍‌ തപസ്സിരിക്കുന്നുവീശുഷ്കഭൂവില്‍‌
ഇനിയെന്നുവരുമവള്‍‌ കരയെപുണരുവാനതിനൊപ്പമെന്നെയുംതാലോലിക്കാന്‍‌
ഇതുഞാനെഴുതുമ്പോള്‍‌ നിളപോലെയെത്രയോ പുഴകളും ജീവന്‍‌ത്യജിച്ചുകാണും
ഇനിയുംതുടരുന്നു മാനവസ്വാര്‍ത്ഥത നദികള്‍‌മരിക്കുന്നുവെത്രനിത്ത്യം.

10 April 2009

ആ മൂന്നുദിവസങ്ങള്‍ A Good Friday remembrance

പത്രോസും ശിഷ്യന്‍മാരും ഇരുളില്‍ തന്‍ഗുരുവിന്റെ
നഗ്നശരീരത്തിലുറ്റുനോക്കിയതുണ്ടോ?
ജീവന്റെ പ്രകാശം‌മാഞ്ഞന്ധകാരത്തിലേതോ
വേദനനിറഞ്ഞുള്ള രോദനം മുഴങ്ങിയോ?

അഞ്ചപ്പവും രണ്ടുമീനുംകൊണ്ടടങ്ങിയ
അഞ്ചായിരങ്ങളുടെ വിശപ്പും മടങ്ങിയോ?
ദൈവപുത്രന്‍‌ ജീവനായ്‌നല്‍കിയ വാഗ്ദാനങ്ങള്‍
ദൂരെ മരുവില്‍ മരീചിക തീര്‍‍ത്തുവോ?

തീരാത്ത ദു:ഖത്തിന്റെ ഭാരവും പേറി വീണ്ടും
പാപികള്‍ തന്‍ നാഥനെ തേടിയലഞ്ഞുവോ?
പിടക്കുന്ന ശരീരത്തില്‍നിന്നുറ്റുവീഴുന്നരക്ത-
കണങ്ങളെ താങ്ങെ ഭുമിഹൃദയം പിടഞ്ഞുവോ?

അശ്രുബിന്ദുക്കളെ തൊടാന്‍‌ കഴിയാതസഹ്യനായ്
നിശ്ചലനായികാറ്റ് വിതുമ്പിക്കരഞ്ഞുവോ
വേദനാനിശ്വാസത്തിന്‍ രോദനമലക്കുന്ന
ഗാല്‍ഗുല്‍ത്തപ്രദേശമേ നിന്നുള്ളം കലങ്ങിയോ?

ക്ഷമിക്ക ഇവരെ നീ എന്നരുളിയ നാഥന്‍‌
ക്ഷണത്തില്‍‌ മരണത്തിന്റെകൈകളില്‍‌ എത്തപെടെ
ധരണീ ഗര്‍‌ഭത്തിന്റെ കല്ലറപിളര്‍‌ന്നേറെ-
വിശുദ്ധജനങ്ങളും സ്വര്‍ഗ്ഗത്തില്‍ ഗമിക്കവേ

ദേവാലയത്തിന്റെ തിരശ്ശീല പിളര്‍ന്നപോല്‍‌
മാറിലെ ഇടിത്തീയെ മറിയ അടക്കിയോ?
വാവിട്ടുകരയുന്ന യൊഹന്നാനൊപ്പം നിന്ന
മേരി മഗ്ദലീനയുടെദു:ഖം മൂര്‍ച്ഛയില്‍‌കലാശിച്ചോ?

കുരിശിലെ ആണിക്കൊപ്പം‌ മുള്‍കിരീടത്തിലെമുള്ളും
മനുഷ്യ ഹൃദയത്തിന്‍‌ ക്രൂരതയറിഞ്ഞുവോ?
തിരുവസ്ത്രം‌ പങ്കിടാനവര്‍‌ ചീട്ടിടുമ്പോള്‍ദൂരെ
കുരിശിന്‍ഭാരമേറ്റ ശീമോനുംവിതുമ്പിയോ?

വരുക എന്നടുക്കല്‍‌ ജീവന്റെ ജലംനല്‍കാ-
മെന്നരുളിയ പരാപരപുത്രന്റെ വിയോഗത്തില്‍‌
കരഞ്ഞുശിഷ്യന്‍‌മാരും മാതാവ്‌ മറിയയും
വിശുദ്ധ ജനതയും കുഞ്ഞാടും കവിതയും.

31 January 2009

അനന്തബിന്ദു

തന്മാത്രകളിലലഞ്ഞു പിന്നെയും അണുകണങ്ങളിലരിച്ചുനോക്കി ഞാ‌ന്‍‌
ഉദയസൂര്യന്റെ നൃണഛവിയിലും ഖനിജരത്നപ്രഭാപഥത്തിലും
തിരഞ്ഞു ഞാനെന്റെ ഹൃദയഗേഹവും ഒളിനിലാവിന്റെ ധവളമേനിയും
പവനവാഹിത സുഗന്ധരേണുവില്‍‌ കടന്നുപാറി അലഞ്ഞു പിന്നെയും

മൃദുജലാവഹ ധവളമേഘവും കറുത്തവാനിലെ ഒളിക്കവാടവും
ധവളപര്‍ണ്ണിത നിഗൂഢസൌരഭ്യ കുസുമഗര്‍ഭവും തിരഞ്ഞുനോക്കി ഞാന്‍‌
ത്വരിതശാസ്ത്രപ്രഭാതലത്തിലും തെരുവുവക്കിലെ അഴുക്കുചാലിലും
അലഞ്ഞുനോക്കിഞാനഭൗമസത്യത്തിന്നുറവുതേടുവാനുണര്‍‌ന്നവാഞ്ഛയാല്‍‌

കുറച്ചുദൂരെയായ് തെളിഞ്ഞ വീഥികളടുത്തുചെല്ലുമ്പോളകന്നുനീങ്ങുന്നു
ധര്‍മ്മനീതി സദൃശ്യവാക്ക്യങ്ങള്‍‌ തെല്ലിടനിന്നൊഴിഞ്ഞുപോകുന്നു
കര്‍മ്മകാണ്ഡവും കര്‍മ്മനിഷ്ഠയും യന്ത്രലോകത്തിലലിഞ്ഞുതീരുന്നു
ഒഴുക്കിലൂടെഞാനൊഴുകി വീണ്ടുമാ ചുഴിക്കയത്തിലുഴന്നുപോകുന്നു

അനന്തബിന്ദുവിലലിഞ്ഞുചേരുവാന‌ടങ്ങിടാത്തയെന്നഭിനിവേശത്താല്‍
തുടിപ്പുമാനസം വെളിച്ചമാണെന്നുകരുതിയഗ്നിയിലെരിച്ചുചിറകുകള്‍‌
അടുത്തുനിന്നുനീ വിളിപ്പുപിന്നെയും ഒളിച്ചിടുന്നുതത്ക്ഷണത്തിലിപ്പൊഴും
അനന്തബിന്ദുവേ അസീമജ്യോതിയേ സ്വയം ജ്വലിക്കുവാന്‍‌ കരുണനല്‍കണേ.

30 January 2009

മാലാഖ

മാലാഖമാരെ ഞാന്‍‌ കണ്ടിട്ടില്ലൊരിക്കലും
ആതുരസേവനത്തിന്റെ ജീവിത വഴികളില്‍

ഇന്നലെ ഇതാദ്യമായ്‌ കണ്ടൊരു മാലാഖയെ
ശുഭ്രവസ്ത്രത്തിന്‍‌ ശോഭ മനസ്സില്‍ നിറച്ചുള്ളോള്‍‌

കൃസ്തുവിന്‍‌രക്തതിനാല്‍‌ കഴുകിവെടിപ്പിച്ച
മുത്തുകള്‍‌ പോലെ കണ്ണ് കവിളില്‍‌ മന്ദസ്മിതം

ചുറ്റുപാടെല്ലാം നറുമണത്താല്‍‌ നിറച്ചവള്‍ ‌
സുസ്മേരവദനയായെന്മുന്നിലണയവെ

ആശ്ചര്യചകിതനായ് നോക്കി ഞാനവളുടെ
പാദങ്ങള്‍‌ ചലിപ്പതുപോലുമറിയാതെ

വര്‍ഷത്തിന്‍‌ മണിമുത്തുപോലുള്ള ശബ്ദത്താലെ
തല്‍ക്ഷണം നീക്കിയെന്റെ വ്യാകുലകളെയവള്‍‌

സ്പര്‍ശനമാത്രയില്‍‌ കുഞ്ഞായ് മാറി ഞാനറിയാതെ
ദു:ഖങ്ങളെല്ലാം ദൂരെ ഓടിയകന്നുപോയ്

ദൃഷ്ടിയില്‍‌ പ്രകാശമായ്‌പതിച്ച രൂപമെന്നില്‍‌
നിശ്ചലതരങ്കമായ് ലയിച്ചുനിറയവെ

കാരുണ്ണ്യവാന്‍‌ ക്രിസ്തു കണ്ണിമയ്ക്കാതെന്നെ
നോക്കുന്നുവോ എന്നുതോന്നി എനിക്കപ്പോള്‍‌

നിറയും പ്രഭയിനാല്‍‌ മറയും ബോധത്തില്‍‌ ഞാന്‍‌
തിരഞ്ഞു ആണിപഴുതാ മൃദുഹസ്തങ്ങളില്‍‌

നെറ്റിയില്‍ തുണിയിനാല്‍‌മൂടിയതൊരുപക്ഷെ
മുള്‍കിരീടത്താലേറ്റ മുറിവിന്‍‌ പാടാകുമോ

ചാട്ടവാറടിദുഃഖസൂചകമായ് വല്ലതും
ശേഷിപ്പതുണ്ടോ വീണ്ടുമാമൃദുതനയയില്‍‌

പൊട്ടിയവിലാപുറത്തിപ്പൊഴുമൊലിക്കുന്ന
രക്തത്തിന്‍‌കറയുണ്ടാമറിയില്ലെനിക്കൊന്നും.

15 June 2007

മറുനാടന്‍‌ ചായ

കര്‍ണ്ണപുടങ്ങളില്‍ കൈരളിയോതിയ മന്ത്രമതാദ്യം മാതാവ്
പിന്നെകേരള മണ്ണിന്‍ നറുമണമുതിരും മാനവമാഹാത്മ്യം
സുന്ദരസുരഭില മലയാളത്തിന്നുദയംമുതലസ്തമയംവരെയും
‌തെല്ലിലുമില്ലകുറവു നിനച്ചാല്‍‌ സന്ധ്യകളെല്ലാമഭിരാമം

മാനവതക്കപമാനമുണര്‍‌ത്തും മൌലികവാദക്ഷീരമതൂട്ടും‌
ജാതി മത ധന വൈരുദ്ധ്യങ്ങള്‍‌ മാനവഹൃദയം‌ കൈയ്യാളുമ്പോള്‍‌
ദ്രോഹത്തിന്നുപഹാരം‌ സ്നേഹം നല്‍‌കാനരുളിയ അമ്മേ നിന്നുടെ
മാറില്‍‌നിന്നുതിരുന്നോരമൃതപ്പാലു‌നുകര്‍‌ന്നുവളര്‍ന്നോര്‍‌ നാം

ഉയരുക ഉയരുക മാമലനാടെ അണിയുക നിന്റെ മഹത്ത്വകിരീടം
ധീരത സ്നേഹമകകാഴ്ചകളുടെ ശ്രോതസുനമ്മിലയല്‍‌ക്കാര്‍‌കാണ്‍‌കെ
സ്നേഹമയീ നിന്‍‌ സ്നേഹത്തിന്റെ കരുത്താര്‍‌ജ്ജിക്കാനുത്സുകരാകെ
അരുളുകനിന്റെയനുഗ്രഹവര്‍ഷം വളരാന്‍‌ നമ്മില്‍‌ സാഹോദര്യം

മഹതീ നിന്റെ വിയോഗവ്യഥാഭരനിമിഷം ദൂരെസഹിക്കാതായി
മനസ്സിനുള്ളില്‍‌ താലോലിക്കാനൊരുപിടിഓര്‍‌മയെടുക്കാനെത്തി
മലനാടിന്‍‌മണമേറ്റുകിടക്കാന്‍‌ കഴിയാത്തോരീ മറുനാടന്‍‌മാര്‍‌
ഇനിയൊരു കൂടികാഴ്ചവരേക്കും വിടപറയാം നെഞ്ചെരിവോടെ

അറിയാത്തേതോദിക്കില്‍ ആളുകളരുതാവചനം ഉരിയാടുമ്പോള്‍‌
കഥനം കല്‍ക്കണ്ടാക്കിയ നമ്മുടെ മലനാടമ്മയെയോര്‍മ്മിക്കാം
ഇനിയൊരുവരവിന്നഭിലാഷത്തിനിടയുണ്ടോയെന്നറിയാതിപ്പോള്‍‌
ഒരുനാരിഴയായ് ഇഴുകിചേര്‍ന്നീമധുരമുഹൂര്‍ത്തം വരിയുകയായ്നാം

ഉഷസ്സിന്നുല്ലാസക്കൊടിയേന്തിയ മഞ്ജുളമാരുത സ്പര്‍ശമതേല്‍ക്കേ
ഉണരാന്‍ വെമ്പും മൊട്ടിന്നരികെ കനികള്‍ കാഹള നാദമുതിര്‍ക്കെ
വിധിയെ ശിരസിലെഴുതിരമിക്കും നിയതി നടത്തിയ വഴിയേ വീണ്ടും
പിരിയുകയായ് നാം മറുനാട്ടിന്മകനായിട്ടീനിന്‍‌ മണ്ണില്‍‌നിന്നും

ഓര്‍‌മ്മകളെന്റെ മനസ്സിന്നുള്ളില്‍‌ ആളിപടരുവതറിയാതേതോ
മൂകവിഷാദപഥത്തിലെ രാഗാലാപനമെന്നുപറഞ്ഞകണക്കെ
മറുനാടിന്‍മണമേറും ചായയിലറിയാതാരോ പറയും‌പോലൊരു കവിത
ഇതാണു കുറിച്ചതിലേറും തെറ്റുകളെന്നതു മാറാ സത്യം.

30 May 2007

അന്യന്‍

സ്വന്തം‌ ജനത്തിന്റെ ഇടയിലൊരന്ന്യനായ്‌‌
കണ്ണുനീര്‍‌ കണ്ണടയാക്കി നില്‍‌ക്കുന്നു ഞാന്‍‌
തിങ്ങിനിറയുന്ന കൂട്ടത്തിലേകനായ്
ഓര്‍‌മ്മപ്പുതപ്പുപുതച്ചു നില്‍‌ക്കുന്നു ഞാന്‍‌

പലരും‌ പറഞ്ഞിവനന്ധനാകാം‌
അതിനൊപ്പമോ മൂകനുമായിരിക്കാം‌
ചെകിടനാകാനിടയില്ല ശബ്ദങ്ങളെ
ഉടനെ അറിയുന്നുവെന്നതിനാല്‍‌

ബാല്ല്യ സഖിയുടെ നിഷ്കളങ്കത്വത്തി-
നോര്‍‌മ്മ മനസ്സിന്റെഉള്ളില്‍‌ സ്പന്ദിക്കവെ
ആരോ ചിരിച്ചമുഖവുമായ്‌ മുന്നിലൂ-
ടോടിമറഞ്ഞപോല്‍‌ വ്യര്‍‌ത്ഥമായ്‌ തോന്നിയോ

കാതില്‍‌ മുഴങ്ങിയോ അമ്മതന്‍‌താരാട്ട്
ഓര്‍‌മ്മവരുന്നുവോ അച്ഛന്റെ ലാളനം
കണ്ണുതിരയുന്നാ നഷ്ടസ്വപ്നങ്ങളെ
കാതു കൊതിക്കുന്നു കേള്‍കാനാ സാന്ത്വനം‌

നെഞ്ചിന്റെയുള്ളിലെരിയും‌ ചിതയില്‍‌നി-
ന്നെങ്ങും‌പറക്കുന്ന ചാരകണങ്ങളില്‍‌
നിന്നുരുപ്പെട്ടയെന്‍‌ ചൂടുനിശ്വാസത്തെ-
യുള്ളിലൊതുക്കിത്തണുപ്പനായ്‌നിന്നു ഞാന്‍‌

പൊട്ടിക്കരയാന്‍‌ തുടിക്കുന്നകണ്ണുകള്‍-
‌ക്കൊപ്പംവിറക്കാന്‍‌ വിതുമ്പുന്നചുണ്ടിനെ
പല്ലിനിടയിലമര്‍‌ത്തി അനാഥനാ-
യെന്‍‌സ്വപ്നങ്ങളെ ബലിതീര്‍‌ത്തു നില്‍‌പ്പു ഞാന്‍‌.