അരികില്‍ ഞാന്‍നില്‍ക്കുന്നു മൂകനായി കാറ്റിലുലയുന്നദീപത്തിന്‍സ്പന്ദമായി
അകിടില്‍നിന്നുതിരുന്ന സ്നേഹധാരാ സ്മരണയില്‍നമ്രശിരസ്കനായി
ഒരുവാക്കു നീ ഉരിയാടിയെങ്കില്‍ അരുമയോടെന്നെപുണര്‍ന്നുവെങ്കില്‍
നിറമെഴും കുഞ്ഞികഥപറഞ്ഞ് പുറമേനി തഴുകി ഉറക്കിയെങ്കില്‍
ഒരുമേഘഹര്‍ഷമായ് വരുക വീണ്ടും മരുഭൂവിലെന്നെ നനച്ചിടാനായ്
കുളിര്‍നിലാവെണ്മയായ് പെയ്തിറങ്ങൂ മനസ്സിന്റെ കൂരിരുള്‍ താഴ്വരയില്‍
ഒരു നിറക്കൂട്ടായലങ്കരിക്ക കറപുരണ്ടുള്ളയെന്‍ മാനസത്തെ
അറിവിന്റെസ്നേഹത്തിനാടയാലെ മറയട്ടെ നഗ്നശരീരമെന്റെ
നിഗളത്തിന്‍ കാലുഷദംശമേറ്റ് നിറമറ്റമലരായി ഞാന്‍ വരുമ്പോള്‍
മിഴിതൂകുംസ്നേഹപകിട്ടാല്‍നല്‍ക മഴവില്ലിന്‍ചാരുതവര്‍ണ്ണശോഭ
നെറികേടിന്‍ലോകത്തിലേറ്റപാടിന്‍ മറമാറി പരിശുദ്ധനായിടുവാന്‍
ഒഴുകുന്ന സ്നേഹാശ്രുധാരയില്‍ നീ കഴുകുകയെന്നെ കുലീനനാക്ക
അകിടിലെയമ്മിഞ്ഞപാലിലുള്ള നറുമണം സൌരഭ്യതിലകമായി
അടിയനണിയാന്‍കൊടുക്കുകമ്മേ അറിവില്ലാചെയ്തിപൊറുക്കുകമ്മേ
കരുണയോടെന്നെതലോടുകമ്മേ കരളിന്റെ നൊമ്പരം മാറ്റുകമ്മേ
മൃദുവചനാമൃതലേപനത്താല്‍ മുറിവുകളെല്ലാമുണക്കുകമ്മേ
ഇനിയൊരുശിശുവായി ശൈശവത്തിന്‍ മധുരാത്മബന്ധത്തിന്‍ കണ്ണിയായി
കരയുന്നുഞാനിന്നുമേകനായി തിരയുന്നു നിന്റെ തൃപാദപത്മം
തലയില്‍ നീ കൈവിരല്‍കൊണ്ടെഴുതും കവിതയായ് തേന്‍മൊഴി വര്‍ഷമായി
അണയുവാന്‍വെമ്പുന്നു സ്നേഹമയീ അകതാരിലെന്നെ അണച്ചിടുക.
2 comments:
അമ്മയെന്നാല്‍ ഈശ്വരന്ടെ കാണപ്പെടുന്ന രൂപം. അമ്മയല്ലാതൊരു ദൈവമില്ല.. അമ്മക്ക് പകരം അമ്മ മാത്രം..
കവിക്ക് ഭാവുകങ്ങള്‍...
for http://www.malayalampoems.com/
Vidya
മിസ്റ്റര്‍ ഹരിലാല്‍,
താങ്കളുടെ മലയാളം കവിതകള്‍ വായിച്ചു. ഒരുപാട് ബ്ലോഗുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മിക്കവയും
കവിതാഭാസങ്ങള്‍ നിറച്ചു വെക്കുന്നവ. തീര്‍ത്തും വ്യത്യസ്തമാണ് താങ്കളുടേതു. ഭാവുകങ്ങള്‍!
അമ്മയോട്, നിളയെ പ്രണയിച്ച പാട്ടുകാരന്‍ എന്നീ കവിതകള്‍ ഹൃദയ ഹാരിയായിരുന്നു.
അമ്മയോട് വായിച്ചു കഴിഞ്ഞപ്പോള്‍ ... അറിയില്ല, മനസ്സിലുണ്ടാക്കിയ വികാരത്തിന്
വാക്കുകള്‍ മതിയാകില്ല. ഇത് വെറും പുകഴ്തലായി കാണരുത്!
കവിതയെ നെഞ്ചേറ്റിയ ഒരു സഹൃദയന്റെ ഭാവുകങ്ങള്‍.
ഇനിയും ആ തൂലികയില്‍ നിന്ന് വറ്റാത്ത കാവ്യ നിളയുടെ നീരോഴുക്കുണ്ടാകട്ടെ.
ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍!!!
kabeer
Post a Comment