തന്മാത്രകളിലലഞ്ഞു പിന്നെയും അണുകണങ്ങളിലരിച്ചുനോക്കി ഞാന്‍
ഉദയസൂര്യന്റെ നൃണഛവിയിലും ഖനിജരത്നപ്രഭാപഥത്തിലും
തിരഞ്ഞു ഞാനെന്റെ ഹൃദയഗേഹവും ഒളിനിലാവിന്റെ ധവളമേനിയും
പവനവാഹിത സുഗന്ധരേണുവില്‍ കടന്നുപാറി അലഞ്ഞു പിന്നെയും
മൃദുജലാവഹ ധവളമേഘവും കറുത്തവാനിലെ ഒളിക്കവാടവും
ധവളപര്‍ണ്ണിത നിഗൂഢസൌരഭ്യ കുസുമഗര്‍ഭവും തിരഞ്ഞുനോക്കി ഞാന്‍
ത്വരിതശാസ്ത്രപ്രഭാതലത്തിലും തെരുവുവക്കിലെ അഴുക്കുചാലിലും
അലഞ്ഞുനോക്കിഞാനഭൗമസത്യത്തിന്നുറവുതേടുവാനുണര്‍ന്നവാഞ്ഛയാല്‍
കുറച്ചുദൂരെയായ് തെളിഞ്ഞ വീഥികളടുത്തുചെല്ലുമ്പോളകന്നുനീങ്ങുന്നു
ധര്‍മ്മനീതി സദൃശ്യവാക്ക്യങ്ങള്‍ തെല്ലിടനിന്നൊഴിഞ്ഞുപോകുന്നു
കര്‍മ്മകാണ്ഡവും കര്‍മ്മനിഷ്ഠയും യന്ത്രലോകത്തിലലിഞ്ഞുതീരുന്നു
ഒഴുക്കിലൂടെഞാനൊഴുകി വീണ്ടുമാ ചുഴിക്കയത്തിലുഴന്നുപോകുന്നു
അനന്തബിന്ദുവിലലിഞ്ഞുചേരുവാനടങ്ങിടാത്തയെന്നഭിനിവേശത്താല്‍
തുടിപ്പുമാനസം വെളിച്ചമാണെന്നുകരുതിയഗ്നിയിലെരിച്ചുചിറകുകള്‍
അടുത്തുനിന്നുനീ വിളിപ്പുപിന്നെയും ഒളിച്ചിടുന്നുതത്ക്ഷണത്തിലിപ്പൊഴും
അനന്തബിന്ദുവേ അസീമജ്യോതിയേ സ്വയം ജ്വലിക്കുവാന്‍ കരുണനല്‍കണേ.
No comments:
Post a Comment